ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനവും പ്രധാന ക്ഷേമപദ്ധതികളുടെ പുരോഗതിയും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. മന്ത്രാലയങ്ങളുടെ പ്രവർത്തനഫലങ്ങൾ, പദ്ധതികളുടെ ലക്ഷ്യപ്രാപ്തി, ജനങ്ങളിലുണ്ടാക്കിയ സ്വാധീനം എന്നിവ യോഗത്തിൽ വിശദമായി പരിശോധിക്കും.
വിദ്യാഭ്യാസം, സാമൂഹികനീതി, ആരോഗ്യം, നഗരവികസനം, കൃഷി തുടങ്ങിയ സുപ്രധാന മേഖലകളിലെ പ്രവർത്തന പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുന്നത്. ഓരോ മന്ത്രാലയത്തിന്റെയും പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുന്നതിനൊപ്പം മന്ത്രിമാരുടെ പ്രകടനവും യോഗത്തിൽ അവലോകനം ചെയ്യും. സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ജൻധൻ യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി കിസാൻ, ജൽജീവൻ മിഷൻ, സ്വച്ഛ് ഭാരത് തുടങ്ങിയ പ്രധാന പദ്ധതികളുടെ തൽസ്ഥിതിയും യോഗം വിലയിരുത്തും. പദ്ധതികളുടെ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിച്ചുവെന്നും വെല്ലുവിളികൾ എന്തൊക്കെയാണെന്നും പരിശോധിക്കും.
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് അഴിമതിയില്ലാതെയും കാര്യക്ഷമമായും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു. പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ അവയുടെ കൃത്യമായ നിർവഹണവും ജനജീവിതത്തിലുണ്ടാക്കുന്ന മാറ്റവും വിലയിരുത്തണമെന്ന സന്ദേശമാണ് യോഗത്തിലൂടെ നൽകുന്നത്.